Friday, 22 October 2010

അയനം ( Journey )


സരയുവിന്റെ അലകളില്‍ തട്ടിവന്ന തണുത്ത കാറ്റേററ് ശ്രീരാമചന്ദ്രന്‍ മെല്ലെ നടന്നു. ഉത്തരായനം തുടരുകയാണ്. നദി ആ പഴയ കുസൃതിച്ചിരി ചിരിച്ചുകൊണ്ട് പരിചയം പ്രകടിപ്പിയ്ക്കുന്നു. ഒരു പക്ഷെ ഇവള്‍ പുച്ഛിച്ചു ചിരിയ്ക്കുകയാണോ..? ഇക്ഷാകുവിന്റെ വംശത്തിലെ അവസാനത്തെ രാജാവിന്റെ വിധി ! ത്രേദായുഗവും പിന്നിട്ട് കാലം പിന്നെയും എത്രയോ കാതം ചലിച്ചുകഴിഞ്ഞു. ഒരു മനുഷ്യജന്മം കൊണ്ട് കുടിച്ചിറക്കിയ കയ്പുനീര്‍ പോരെന്നാണോ..? സീതയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ അഗ്നി പടരുന്നു. അവളുടെ ഉള്ളില്‍ നീറിയ ഉമിത്തീയുടെ താപം ഇനി എത്ര യുഗങ്ങള്‍ കൂടി തന്നെ വിടാതെ പിന്തുടരും. രാക്ഷസരെന്നു പറഞ്ഞ് അപമാനിച്ചവരുടെ ഉയിര്‍ത്തെഴുനേററ ആത്മബോധത്തെ എത്ര നാള്‍ ചെറുത്തുനില്‍ക്കുവാന്‍ പറ്റും..? അന്ന് തനിയ്ക്കുവേണ്ടി ജീവിച്ചു-മരിച്ച സഹോദരന്മാരുടെ ആത്മാക്കള്‍ എത്ര നാള്‍ കൂടി മാപ്പ് നല്‍കും.
യുഗങ്ങള്‍ക്ക് മുന്‍പ് കോസലരാജ്യത്തിന്റെ അതിരുകള്‍ നിശ്ചയിച്ചുകൊണ്ട് യാഗാശ്വം മടങ്ങിവന്നപ്പോള്‍ , വലിയൊരു വിപത്തിന്റെ തുടക്കമാണതെന്ന് മനസ്സിലാക്കിയിരുന്നില്ല. ആദികവിയുടെ ദൌത്യം പൂര്‍ത്തിയായപ്പോള്‍ , ഒരു ജനതയുടെ ദുരന്തം തുടങ്ങുകയായിരുന്നു. തലമുറകളില്‍ നീന്നു തലമുറകളിലേയ്ക്ക്‌ അത് കൈമാറ്റം ചെയ്യപ്പെട്ടു. അച്ചടക്കവും വിശ്വാസവും അവര്‍ ശീലിച്ചുതുടങ്ങിയിരുന്നു. ചോദ്യങ്ങള്‍ ചോദിയ്ക്കാനുള്ള കഴിവ്‌ എന്നേ നശിച്ചുപോയി. കുരുത്തം കെട്ട ചോദ്യങ്ങള്‍ ചോദിച്ചവരുടെ നാവ് - മുറിച്ചുനീക്കപ്പെട്ടു.
അതിന് വിചാരണയുടെ ആവശ്യമില്ലായിരുന്നു. എന്തിനു സംശയിക്കണം. ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട സംസ്കാരമാണ് തങ്ങളുടേതെന്ന് അവരെ പറഞ്ഞ് വിസ്വസിപ്പിച്ചിരുന്നു. അവര്‍ എന്തിനുവേണ്ടി പൊരുതിയാലും അത് നീതിയാണെന്നും , ഈ നീതിയ്ക്കുവേണ്ടി സ്വയം ബലിയര്‍പ്പിയ്ക്കാന്‍ തയ്യാറാകേണ്ടത് സ്വന്തം ആത്മാവിനും വരും തലമുറയ്ക്കും വേണ്ടി ചെയ്യേണ്ട കര്‍ത്തവ്യമാണെന്നും പറഞ്ഞ് മനസ്സിലാക്കിയിരുന്നു. ഇതിലും വ്യക്തമായ എന്തുത്തരമാണ് അവര്‍ക്ക് കിട്ടാനുള്ളത്...? എല്ലാ സംശയങ്ങളുടെയും നിവാരണമായി ഇത് അവരോടോപ്പമുണ്ട്. പരസ്പരം കെട്ടിയിടപ്പെട്ട കന്നിന്‍കൂട്ടങ്ങളെപ്പോലെ ഈ വിശ്വാസം അവരെ യുഗങ്ങളില്‍ നിന്ന് യുഗങ്ങളിലേക്ക് നയിച്ചു.
അഴിച്ചുവിട്ട യാഗാശ്വത്തെപ്പോലെ ചിന്തകള്‍ കുതിച്ചുപായുകയാണ്..എങ്ങുമെത്താതെ , എവിടെയും നില്ക്കാതെ.
സരയുവിന്റെ മുഖത്തെ ചിരി മാഞ്ഞുതുടങ്ങിയിരുന്നു. അജ്ഞാതമായ ഒരു നിസ്സംഗത അവളുടെ അലകളില്‍ പടര്‍ന്നു നിന്നു. ഒരു ജന്മം മുഴുവന്‍ തന്റെ് പാദങ്ങളില്‍ സമര്‍പ്പിച്ചിട്ടും , അഗ്നിസാക്ഷിയായി മന:ശുദ്ധിയും ദേഹശുദ്ധിയും തെളിയിച്ചിട്ടും തനിയ്ക്ക് തള്ളിപ്പറയേണ്ടിവന്ന സീതയുടെ കണ്ണുനീര്‍ നിപതിച്ച ദിവസം ഇവള്‍ക്ക് കൈവന്നതാണ് ഈ നിസ്സംഗത. ഒടുവില്‍ , അഭയം തേടി വന്ന തന്നെ ഉള്‍ക്കൊള്ളുവാന്‍ ഇവള്‍ മടിച്ചു. ശരിയ്ക്കും തളര്‍ന്നുപോയി. എത്ര കാലമായി ഈ യാത്ര തുടങ്ങിയിട്ട്. യുഗപരിവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയായ ഈ യാനം എവിടെയാണവസാനിയ്ക്കുക..?
ഇവര്‍ , സരയുവിന്റെ കരകളെ ഒരു കോണ്‍ക്രീറ്റ് പാലം കൊണ്ട് ബന്ധിപ്പിച്ചിരിയ്ക്കുന്നു. ഒരു കൊച്ചു തെരുവ്‌. ധാരാളം മനുഷ്യരും കടകളും. മണിയടികളും മന്ത്രോച്ചാരണങ്ങളുമായി ഒരു ഘോഷയാത്ര കടന്നുപോയി. ഘോഷയാത്ര ഇളക്കിവിട്ട പൊടിയടങ്ങിയപ്പോള്‍ തെരുവ്‌ ശാന്തമായി. വെട്ടുവഴിയിലൂടെ ഇടയ്ക്കിടെ മോട്ടോര്‍ വാഹനങ്ങള്‍ പോകുന്നുണ്ട്. അങ്ങിങ്ങ് ഒറ്റപ്പെട്ട ആള്‍കൂട്ടവും കാണാം. രാമനവമി ആഘോഷങ്ങള്‍ നടക്കുകയാണ്‌. അവിടവിടെ പന്തലുകള്‍ ഉയര്‍ന്നിട്ടുണ്ട്. രാമലീലയ്ക്കുള്ള ഒരുക്കങ്ങളാണ്.
“ബാബുജീ , കുറച്ചു പൂക്കള്‍ വാങ്ങൂ...രാമനവമിയല്ലേ.. എല്ലാം പൂജാ പുഷ്പങ്ങളാണ്....”
തലയില്‍ പൂവട്ടിയുമായി ഒരു പൂക്കാരി. മുഷിഞ്ഞു നാറിയ ഒരു പാവാടയും ബ്ലൌസുമാണ് അവള്‍ ധരിച്ചിരുന്നത്. മുടി അലസമായി പാറിപ്പറന്നു കിടന്നു. കണ്ണുകള്‍ തളര്‍ന്നതെങ്കിലും അതിന്റെ ആഴങ്ങളില്‍ പ്രതീക്ഷ തിളങ്ങിയിരുന്നു. കൂടെയുള്ള വൃദ്ധന്‍ അവളുടെ പിതാവായിരിയ്ക്കണം. പ്രായവും ക്ഷീണവും അയാളെ ഉള്ളിലേയ്ക്ക് വലിച്ചുകഴിഞ്ഞിരുന്നു. ശ്വാസമെടുക്കാന്‍ നന്നേ പാടുപെടുന്നുണ്ട്. ഒരു തരം വല്ലാത്ത കിതപ്പ്... പുറത്തെ ഭാരിച്ച നുകത്തിന് താഴെനിന്നു ഇയാള്‍ കിതപ്പു തുടങ്ങിയിട്ട് എത്ര കാലമായി...? എത്ര രാമലീലാകള്‍ക്ക് വേണ്ടി ഇയാള്‍ പൂജാപുഷ്പങ്ങള്‍ വിറ്റുകാണും.
“ബാബുജീ ,പൂക്കള്‍...!”
താന്‍ പൂക്കള്‍ വാങ്ങുമെന്ന പ്രതീക്ഷയിലാവണം വൃദ്ധന്‍ ഒരു പാറയില്‍ ഇരുന്നുകഴിഞ്ഞിരുന്നു. വഴിയില്‍ക്കൂടി ഇടയ്ക്കിടെ വാഹനങ്ങള്‍ പോകുന്നുണ്ട്. പൊടുന്നനെ , ഒരു വിദേശ നിര്‍മ്മിത കാര്‍ അവിടെവന്നു നിന്നു. രണ്ടുമൂന്നാളുകള്‍ കാറില്‍ന്നു ചാടിയിറങ്ങി.
ഇന്ന് കുറെ പൂക്കള്‍ ചെലവാകുമല്ലോ എന്ന സന്തോഷത്തോടെ അവള്‍ അങ്ങോട്ടു തിരിഞ്ഞു. ഒരു നിമിഷത്തിന്റെ ഇടവേളയില്‍ പൂവട്ടി റോഡില്‍ പതിച്ചു . ഉയര്‍ന്നുവന്ന അവളുടെ നിലവിളിയ്ക്ക് അര്‍ദ്ധവിരാമം വീണു. ഡോറുകള്‍ അടഞ്ഞു..വാഹനം ശരം പോലെ കുതിച്ചു . വട്ടിയില്‍ നിന്നു ചിതറിയ പൂജാമലരുകള്‍ ശ്രീരാമചന്ദ്രന്റെ പാദങ്ങളില്‍ കിടന്നു ചിരിച്ചു. വൃദ്ധന്റെന കിതപ്പ് , ഒരു തേങ്ങലായി.. തേങ്ങല്‍ ഒരു പൊട്ടിക്കരച്ചിലായി.
“അവരവളെ കൊണ്ടുപോയി , അല്ലേ..? അതല്ലേ ഞാന്‍ കണ്ടത്..?”
“ഉവ്വ്..” ശ്രീരാമന്‍ പറഞ്ഞു. നിശബ്ദതയെ മുറിച്ചുകൊണ്ട് സരയു , സംഗീതം പൊഴിച്ചു.
“എല്ലാം വിധിയാണ് ബാബുജീ...ഞങ്ങളെപ്പോലുള്ളവര്‍ക്ക് മാനാഭിമാനങ്ങള്‍ വിധിച്ചിട്ടില്ല.."
വിധി ! മോചനമില്ലാത്ത വലയത്തിനുള്ളില്‍ ഇവര്‍ ഭാരം ചുമക്കുവാനും അപമാനിയ്ക്കപ്പെടുവാനും വിധിയ്ക്കപ്പെട്ടിരിയ്ക്കുന്നു.! ചിലര്‍ സാക്ഷികളായി മാറ്റപ്പെടുവാനും ചിലര്‍ നാഴികക്കുറ്റികളായി സ്തംഭിയ്ക്കുവാനും വേറെ ചിലര്‍ അധികാരത്തിന്റെ ഉത്തരങ്ങളില്‍ തൂങ്ങിമരിച്ചു പ്രേതങ്ങളായി ആവേശിയ്ക്കുവാനും വിധി ...!
“എല്ലാവരേയും ചൂഴ്ന്നുനില്ക്കു ന്ന അന്ത്യവിധി ഒന്നു തന്നെയാണ് ബാബാ. പരാജയപ്പെടുവാനാണെങ്കില്പോകലും പൊരുതുക എന്നത് എത്ര മഹത്തായ അവസ്ഥയാണ്...?”
“ ആരോട് പൊരുതാന്‍...? ഈ ശരീരം പീഡിപ്പിയ്ക്കപ്പെടുന്നതിനു പകരമായി ഞങ്ങളുടെ ആത്മാ വിനെങ്കിലും ശാന്തി കിട്ടില്ലേ ബാബുജീ ...? എങ്കിലും എന്റെ കുട്ടി...അവളെ ഞാനിതുവരെ..”
അയാളുടെ ശബ്ദം തൊണ്ടയില്‍ കുടുങ്ങിപ്പോയി.
“ ആത്മാവ്...! പീഡനവും വേദനയുമാണ് ആത്മാവിനു ജന്മം കൊടുത്തത്. ശാരീരികമായ വേദനകള്‍ നമ്മെ നമ്മുടെ ശരീരത്തില്‍ നിന്നു വേര്‍പെടുത്തുന്നു. അങ്ങനെ, തന്നെ വേദനിപ്പിയ്ക്കുന്ന തന്റെ ശരീരത്തെ , തന്നില്‍നിന്നകന്ന ഒന്നായിക്കാണാന്‍ പീഡിപ്പിയ്ക്കപ്പെടുന്നവന്‍ നിര്‍ബന്ധിതനാകുന്നു. ആണിയടിയ്ക്കുവാന്‍ കൈകളും കാലുകളും ഉള്ളതുകൊണ്ടല്ലേ ചിലര്‍ക്ക് മറ്റു ചിലരെ കുരിശില്‍ തറയ്ക്കുവാന്‍ പറ്റുന്നത്. നീചന്മാരായ ആ ജീവികളെക്കാള്‍ ഉയരത്തില്‍ , അടിമകളായ നമ്മുടെ ശരീരത്തില്‍ നിന്നും വ്യത്യസ്തമായ ഒരു സ്ഥാനം നാം നമുക്ക് കണ്ടുപിടിയ്ക്കുന്നു. അങ്ങനെയാണ് ഇല്ലാത്ത ആത്മാവ് ഉണ്ടായിത്തീരുന്നത്. വേദനയില്‍ നിന്നും നിസ്സഹായതയില്‍ നിന്നും.. അടിമത്തത്തില്‍ നിന്നും കഷ്ടതകളില്‍ നിന്നും..”
“ഒന്നും ഓര്മ്മി പ്പിയ്ക്കരുതേ ,ബാബുജീ... ഈ വയസ്സന്‍ കണ്ണടയ്ക്കാറായി. എന്റെ കുട്ടി മടങ്ങി വരും..അവള്‍ക്ക് പറഞ്ഞുകൊടുക്കണം . ഇതെല്ലാം അവള്‍ക്ക് മനസ്സിലാകും..”
അയാള്‍ ചിതറിപ്പോയ പൂക്കള്‍ കല്ലും മണ്ണും കളഞ്ഞു വട്ടിയിലാക്കുകയായിരുന്നു.
“പക്ഷേ ..ബാബുജീ , പോരാട്ടങ്ങളുടെ ഒരു ഘോഷയാത്ര തന്നെ കടന്നുപോയില്ലേ...? എത്രയെത്ര പാനിപ്പത്തുകളും കുരുക്ഷേത്രങ്ങളും. ഓരോ കാലങ്ങളിലും എത്രയെത്ര സംസ്കാരങ്ങള്‍ ഏറ്റുമുട്ടി...? ചോരയുണങ്ങുന്നതിനു മുന്‍പ് ഏതൊരു യുദ്ധക്കളം കുഴിച്ചുനോക്കിയാലും കഴിഞ്ഞുപോയ യുദ്ധങ്ങളുടെ കുറെ വാളുകളും തലയോട്ടികളും കിട്ടാതിരുന്നിട്ടില്ലല്ലോ...! അതിനിയും തുടരുകയല്ലേ...?”
“പാനിപ്പത്തുകളും കുരുക്ഷേത്രങ്ങളുമൊക്കെ കൊട്ടാരങ്ങള്‍ക്കും ദേവാലയങ്ങള്ക്കും വേണ്ടിയായിരുന്നില്ലേ...? എല്ലാവര്‍ക്കും കുറ്റബോധമുണ്ട്...ഒപ്പം ഭീരുത്വവും. ഈ ഇടുക്കുകൂട് പൊളിയ്ക്കുവാന്‍ പേടി തോന്നുന്നു. നുകമിറക്കിക്കഴിഞ്ഞാല്‍ സ്വാതന്ത്ര്യമെന്നുകരുതി ചേക്കേറുന്നത് മറ്റൊരു ഇടുക്കുകൂട്ടിലാണെന്ന് ആരും തിരിച്ചറിയുന്നുമില്ല....”
“ഞങ്ങള്‍ക്ക് ദുഖമില്ല ബാബുജീ...” വൃദ്ധന്‍ വീണ്ടുമൊരു കരച്ചിലിന്റെ വക്കൊളമെത്തിയിരുന്നു....”ഞങ്ങളുടെ വേദനയെങ്കിലും ഞങ്ങള്‍ക്ക് സ്വന്തമായി തന്നുകൂടെ...?”
ആ പെണ്‍കുട്ടിയെക്കുറിച്ചോര്‍ത്തു . ഒരു പക്ഷെ അവളെ അവര്‍ കൊന്നു കാണും. അല്ലെങ്കില്‍ , എല്ലാവര്‍ക്കും തൃപ്തിയായപ്പോള്‍ എങ്ങോട്ടെങ്കിലും വലിച്ചെറിഞ്ഞിരിയ്ക്കും. ഹിമാവാനും സഹ്യനുമിടയില്‍ ഇന്നും എത്രപേര്‍ വധിയ്ക്കപ്പെട്ടുകാണും..? എത്ര പേരെ തട്ടിക്കൊണ്ടു പോയിരിയ്ക്കും...? എത്ര വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ടാകും...? എത്ര പട്ടാളക്കാര്‍ ജീവനൊടുക്കിയിരിയ്ക്കും...?
അകലെ ആ വിദേശനിര്‍മ്മിത കാര്‍ പ്രത്യക്ഷപ്പെട്ടു. പോയ താളത്തില്‍ തന്നെ അത് തിരികെ വന്നിരിയ്ക്കുന്നു.. വാഹനം അവരുടെയടുത്ത് നിന്നു. ഡോറുകള്‍ തുറക്കപ്പെട്ടു...വാടിയ ഒരു തുളസിക്കതിര്‍ പോലെ , ശ്രീരാമചന്ദ്രന്റെ കാല്‍പ്പാദങ്ങളില്‍ അവള്‍ ..ശേഷിച്ച പൂക്കളുടെയും കല്ലുകളുടെയും മേല്‍ ചലനമറ്റു കിടന്നു. ഡോറുകള്‍ അടഞ്ഞു. വാഹനം മുന്നോട്ടു കുതിച്ചു.
അവളുടെ ചോളി കീറിയിരുന്നു. ദേഹം മുഴുവന്‍ നഖക്ഷതങ്ങള്‍..! നഖക്ഷതങ്ങളില്‍ ചോര പൊടിയുന്നു. കൂമ്പിയ കണ്ണുകളും ഉയര്‍ന്നു താഴുന്ന നെഞ്ചും... അവിടെ , ഒരു നിമിഷം തല ചേര്‍ത്ത് , ശ്രീരാമചന്ദ്രന്‍ ചരിത്രത്തിന്റൊ നാഡീസ്പന്ദമറിഞ്ഞു. വൃദ്ധന്‍ നിര്‍വികാരനായി , ചലനമറ്റിരിയ്ക്കുകയാണ്.. അവളെത്തന്നെ ശ്രദ്ധിച്ചുകൊണ്ട്. നേരം മയങ്ങിത്തുടങ്ങിയിരുന്നു. രാമലീലപ്പന്തലില്‍ നിന്നു സ്തുതിഗീതങ്ങള്‍ ഉയര്‍ന്നു....
“....രാമചന്ദ്ര് കേ ചരിത് സുഹായെ
കല്പകോടി ലഗി ജാഗിംന ഗായേ...”
രാമലീല പൊടിപൊടിച്ചു . സരയുവില്‍ നിന്നുള്ള കാറ്റിനു കുളിര് കൂടിക്കൂടി വന്നു. എങ്കിലും നെറ്റിയില്‍ വിയര്‍പ്പ് പൊടിയുന്നു. ശ്രീരാമന്‍ അവതാരങ്ങളുടെ ഗതിവേഗമറിഞ്ഞ് ഉത്തരായനം തുടർന്നു.

No comments:

Post a Comment